2018 മാർച്ച് 15, വ്യാഴാഴ്‌ച

പെയ്തൊഴിഞ്ഞ ബാല്യം


ആരോ തൂവൽകൊണ്ടു തഴുകുംപോലെ എന്റെ ബാല്യം ഓർമ്മകൾ അടർത്തുന്നു.

കഴിഞ്ഞുപോയ കുട്ടിക്കാലത്തെ കുറിച്ചോർക്കുമ്പോൾ അറിയാതെ മനസ്സിൽ
പൂക്കൾ വിരിയുന്നു.

ബാല്യം തന്നപോലെ എന്ത് ഓർമ്മകളാണ്
മനസ്സിന് ഇത്രയും സുഖമുള്ളതായ് തന്നുപോയത്.

തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചും,
പൂമ്പാറ്റകൾക്കൊപ്പം പാറിക്കളിച്ചും...

പഴുത്ത മാങ്ങക്കായ് കല്ലുകൊണ്ട് ഒരുപാട്
എറിഞ്ഞും,അതിലേതോ കല്ല് അയൽക്കാരന്റെ വീടിന്റെ മേൽക്കൂരയിൽ
പതിച്ചതും,

കല്ലുമായ് വന്ന്  അയാൾ വഴക്കിട്ടതും.
പേടിച്ചു വിറച്ചു വീടിന്റെ വാതിലിനു പിന്നിൽ
ഒളിച്ചതും എല്ലാം ഓർത്തെടുക്കുന്നു.

ചെരിഞ്ഞും ചാഴ്ഞ്ഞും പെയ്യുന്ന മഴയിൽ
കുടയുണ്ടായിട്ടും ചൂടാതെ നനഞ്ഞു നനഞ്ഞു ഞാനെത്രയോ നടന്നിട്ടുണ്ട്.

കുത്തിയൊലിക്കുന്ന മഴവെള്ളത്തിൽ
കൂട്ടുകാരൊന്നിച്ചു തുള്ളിക്കളിച് ചെളിപുരണ്ട ഒരു രൂപമായ് വീടിൽ കയറാതെ ഉമ്മയെ പേടിച്ചു നിന്നിട്ടുണ്ട്.

അവസാനം പിറകിലൂടെ വന്നു കയ്യോടെ
പിടികൂടി ഉമ്മയെ ഏൽപ്പിച് ഒരുപാട് തല്ലുവാങ്ങിതന്ന പെങ്ങളുടെ കുസൃതി...

സായാഹ്നങ്ങളിൽ കൂട്ടുകാരൊന്നിച്ചു
വീട്ടിനടുത്തുള്ള തോട്ടിൽ വെള്ളം കലങ്ങുവരേയുള്ള ആകുളി...

ഒടുവിൽ ഒരുപാട് ആളുകൾ അലക്കാൻ
ഉപയോഗിക്കുന്ന വെള്ളം കലക്കി മറിച്ചതിന്
ആരെങ്കിലും വന്നു വഴക്കുപറയുമ്പോൾ ഓടിയൊളിക്കുന്നത്.

വീട്ടിനു പിന്നിലെ കൊയ്ത്തു കഴിഞ്ഞ വയലിൽ കടലാസു പന്ത് ഉരുട്ടിക്കളിച്ചതും,
തോട്ടിൽ ഏട്ടനൊപ്പം പരൽമീൻ പിടിക്കാൻ
പോയതും,

കൂകി വിളിക്കുന്ന കിളിയെ എറിഞ്ഞു പിടിച്ചു
തന്ന ഏട്ടന്റെ കഴിവിനെ പുകയ്ത്തിയതും...
ഒരു കുഞ്ഞനുജനായ് ഏട്ടന്റെ പിന്നിൽ വിടാതെ കൂടിയതും...

എല്ലാം ഒരോർമ്മയായ് പെയ്തൊഴിഞ്ഞു പോയ്.
ഇനിയീ ജീവിതത്തിൽ പിറക്കാൻ ഒരു ബാല്യമില്ലല്ലോ..

പക്ഷേ ഓർമ്മകളുടെ ഈ ബാല്യകാലം ഒരിക്കലും അവസാനിക്കില്ല.

ഓരോ രാപകലുകളിലും എന്റെയുള്ളിൽ
ഇവ വീണ്ടും വീണ്ടും പിറക്കും.

എഴുതി അവസാനിപ്പിക്കാൻ ആവാത്ത വാക്കുകൾ ഓരോ ബാല്യത്തിലും കഴിഞ്ഞു പോകുന്നു തോരാത്ത തോരാത്ത മഴയായ്...

(റഫീഖ് മണ്ടോടി)