2018 ഒക്‌ടോബർ 28, ഞായറാഴ്‌ച

ദൈവത്തിന്റെ തെരുവ്

അയാൾ നഗരത്തിൽ എത്തുമ്പോൾ വെയിലിനു ചൂട് വെച്ച് വരുന്നേയുള്ളൂ.
ഇളം വെയിലിന്റെ കുഞ്ഞു ചീളുകൾ വീണ പാതയോരത്തുകൂടി അയാൾ ദൂരെയുള്ള ദേവാലയം ലക്ഷ്യമാക്കി നടന്നു .

ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.വെയിൽ കനക്കും മുൻപേ അവിടെ എത്തണം. ദൃതിയിൽ അയാളുടെ കാലുകൾ ചലിച്ചു.

അൽപ്പം അകലേനിന്ന് ഏതോകുട്ടികളുടെ കരച്ചിൽ അയാളുടെ കാതിൽ വന്നലച്ചു.
ഓരോ  ചുവട് മുന്നോട്ട് വെക്കുമ്പോഴും കരച്ചിലിന്റെ ശബ്‌ദം ഏറിവന്നുകൊണ്ടിരുന്നു.

ഒരു പീടിക തിണ്ണയിൽ രണ്ടു കാലിലും അസുഖം ബാധിച്ച്‌ നടക്കാൻ പോലും കഴിയാത്ത രൂപത്തിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്അ.
വരുടെ അരികിൽ നി ന്നാണ് ആകുട്ടികൾ കരയുന്നത്.
വിശന്നിട്ടാകും അവർ കരയുന്നത് .
അവരെ കാണുമ്പോൾ തന്നെ അറിയാം ഒരുപാട് ദിവസമായി വല്ലതും കഴിച്ചിട്ടെന്ന്.

അല്ലെങ്കിലും തെരുവിലെ ബാല്യങ്ങൾ  സ്വപ്നങ്ങളിലാണല്ലോ അധികവും ആഹാരം
കഴിക്കുന്നത്.
വേറെ എവിടെനിന്നു കിട്ടാൻ.

ആ സ്ത്രീ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്.
മെലിഞ്ഞൊട്ടി സംസാരിക്കാൻ പോലും കഴിയാത്ത തരത്തിലായിരുന്നു ആസ്ത്രീയുടെരൂപം.
അയാളെ കണ്ടപ്പോൾ ആകുട്ടികൾ കരച്ചിൽ നിറുത്തി,
ഇപ്പൊൾ ഞങ്ങൾക്ക് വല്ലതും കിട്ടുമെന്ന പ്രതീക്ഷയിലാവും അങ്ങിനെ സംഭവിച്ചത്.
അയാളെ നോക്കി ആ സ്ത്രീ കൈ നീട്ടി പറഞ്ഞു.

"ഞങ്ങൾക്ക് എന്തെങ്കിലും തരണം മരിക്കും മുൻപേ എന്റെ മക്കൾക്ക് അവരുടെ ചുണ്ടൊന്നു നനക്കാൻ...
ഒരു ചാണ് ദൂരം എനിക്ക് നടക്കാൻ വയ്യ അതോണ്ടാ"..

പക്ഷെ അയാൾ കേട്ടതായി ഭാവിച്ചില്ല.
ദൃതിയിൽ ചുവടുവെച്ച് അയാൾ മുന്നോട്ട് നീങ്ങി.
കുട്ടികൾ അപ്പോൾ പ്രതീക്ഷ കൈവിട്ടത് കൊണ്ടാവും ഉറക്കെ കരയുന്നുണ്ട്.
ആ കരച്ചിൽ അയാളുടെ കാതുകളിൽ നേർത്തുനേർത്ത് ഇല്ലാതെയായി.

അല്ലെങ്കിലും ഇത്തരം വിലാപങ്ങൾ ആര് കേൾക്കാൻ.
കയ്യിൽ അൽപ്പം പണമുണ്ടെങ്കിൽ പാവങ്ങളൊക്കെ ഭൂമിയിൽ ഉണ്ടോ എന്ന്ചോദിക്കും പലരും.
എല്ലാവരും തന്നെ പോലെ സമ്പന്നരാണ് എന്ന് മനസ്സിൽ നടിക്കുന്നു ചിലർ.
ഇനി ആർക്കെങ്കിലും വല്ലതും കൊടുക്കുന്നുവെങ്കിൽ നവമാധ്യമങ്ങളിൽ ഫോട്ടോ ഇടണം, നാലാൾ അറിയാതെ ഒന്നും കൊടുക്കരുത്.
ഒരു പഴത്തൊലി പോലും.
ഇതാണിന്നത്തെ അവസ്ഥ.

ദേവാലയത്തിനു മുന്നി അയാൾ എത്തി
എവിടെ നിന്നോ വന്ന ഒരു തണുത്ത കാറ്റ് അയാളെ തഴുകി കടന്നു പോയി.

ആളുകൾ വരുന്നേ ഉള്ളു.
തിരക്കാവും മുൻപ് കയ്യിലെ നേർച്ചകൾ അവിടെ ഏൽപ്പിച്ചു മനസ്സ് നിറഞ്ഞൊന്നു പ്രാർത്ഥിക്കണം.

അയാൾ തീരുമാനിച്ചു.
പക്ഷെ അതിനു മുൻപ് കയ്യും കാലുമൊക്കെ ഒന്ന് കഴുകണം.അയാൾ വാഷ്‌റൂം  ലക്ഷ്യമാക്കി നീങ്ങി,
വാഷ്‌റൂമിന്‌ വെളിയിലെ ഒരു സ്ലാബിനു പുറത്തു കയ്യിലെ ബാഗു വെച്ച് അകത്തു കടന്നു.
കൈ കാലുകൾ കഴുകി ആശ്വാസത്തോടെ അയാൾ തിരികെവന്നുനോക്കുമ്പോൾ അയാളുടെ ബാഗ് അവിടെ കാണാനില്ല.
നാലുപാടും നോക്കി ഇല്ല കാണാനില്ല
"ദൈവമേ പൈസ"
അയാളുടെ ഉച്ചത്തിലുള്ള ശബ്‌ദം കേട്ടിട്ട് ആളുകൾ കൂടി.
ആരോ ഒരാൾ അയാളോട് ചോദിക്കുന്നുണ്ടായിരുന്നു.
"എന്താ പോയത് "
ബോർഡ് വെച്ചത് കണ്ടില്ലേ നിങ്ങൾ
അപ്പോഴാണ് അയാൾ ആ ബോർഡ് ശ്രദ്ധിച്ചത്

മോഷ്ട്ടാക്കളെ സൂക്ഷിക്കുക!
വിലപിടിച്ച സാധനങ്ങൾ കയ്യിൽ തന്നെ സൂക്ഷിക്കുക!
ഇങ്ങനെ എഴുതിയിരുന്നു ആ ബോർഡിൽ.

"ദേവാലയമെല്ലെ ഇവിടെ ആര് കട്ടോണ്ടു പോകാൻ എന്ന് കരുതി പ്പോയി"
അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

"അതൊക്കെ പണ്ട് ഇന്ന് ദൈവത്തെ  വരെ  അടിച്ചുകൊണ്ട്  പോകുന്ന  കള്ളൻമാർ  ഉണ്ടിവിടെ "
ആരോ ഒരാൾ വിളിച്ചു പറയുന്നുണ്ട്.

ജീവിതത്തിലെ ആഗ്രഹ മായിരുന്നു ഇവിടെ ഒന്ന് വന്നു പ്രാർത്ഥിക്കാൻ ,നേർച്ച കൊടുക്കാൻ കയ്യിലെ സമ്പാദ്യത്തിന്റെ പാതിയോളമെടുത്തുവന്നത് ആ ദേവാലയത്തിൽ കൊടുക്കാനായിരുന്നു.
എല്ലാം കൊണ്ടുപോയി.
താങ്ങാൻ ആവാത്ത ദുഃഖം അയാളെ തളർത്തിക്കളഞ്ഞു.അടുത്തുള്ള ഒരിരുപ്പിടത്തിലേക്ക് അയാൾ ഇരുന്നു.

അൽപ്പം കഴിഞ്തു അയാൾ അയാൾ അവിടെനിന്നു എഴുന്നേറ്റപ്പോൾ ആരോ
പറയുന്നുണ്ടായിരുന്നു,
"ഒരു പരാതി കൊടുത്തേക്ക് "
പക്ഷെ അയാളത് ചെവിക്കൊണ്ടില്ല.

അയാൾ ഓർത്തു വഴിയിൽ ആവശ്യക്കാർ
കൈനീട്ടി കരഞ്ഞിട്ടും ഒരു ഒരു നാണയതുട്ടു
പോലും കൊടുക്കാതെ മുഖം തിരിച്ചതിനു ദൈവം തന്ന ശിക്ഷയാണിത്.
ദൈവത്തിന് എന്റെ പണം വേണ്ടായിരുന്നു അതാണ് അത് നഷ്ട്ടപെട്ടുപോയത്.

അയാൾ ദേവാലയത്തിൽ കയറി ഒന്ന് പ്രാർത്ഥിക്കുക പോലും ചെയ്തില്ല.
അയാൾ നേരെ കുട്ടികൾ നിലവിളിച്ചു കരയുന്ന ആ തെരുവിലക്ക് നടന്നു.
അവരുടെ അരികിലേക്ക് മനസിൽ ഒരുപാട്
മാപ്പ് പറഞ്ഞുകൊണ്ട് ചെന്നു.
അയാൾക്ക് അറിയാമായിരുന്നു
അവിടെയാണ് ദൈവംഉള്ളതെന്ന് .

ശരിയാണ്അവിടെ  ആയിരുന്നു അപ്പോൾ അയാളുടെ ദൈവം കാവലിരുന്നത്.
ദൈവത്തിന്റെ തെരുവിൽ..

2018 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

അപരിചിതർ

ഞാനാ വെള്ളമുണ്ടയിലെ ബസ്റ്റോപ്പിൽ എത്തിയപ്പോൾ സമയം ഏതാണ്ട് സന്ധ്യ ആയിട്ടുണ്ട്.
നല്ല മഴ പെയ്യുന്നുണ്ട്.വർഷ കാലം ഒരു പ്രതികാരം പോലെ തിമിർത്തു പെയ്യുകയാണ്,
ഏതോ ചിന്തകളിൽ മുഴുകി ഞാനിരിക്കുമ്പോഴാണ് അവർ വന്നത്.
ഒരു വൃദ്ധന്റെ കരം പിടിച് ഒരമ്മ ബസ്റ്റോപ്പിലേക്ക് കയറി വന്നു.
എന്റെ മുഖത്തു നോക്കി ആ അമ്മ ചെറുതായൊന്നു ചിരിച്ചു.
വൃദ്ധനെ ബസ്റ്റോപ്പിന്റെ തിണ്ടയിൽ ഇരുത്തി ആ ആ അമ്മയും അരികത്ത്‌ ഇരുന്നു.
അയാൾക്ക് നന്നായി വീർപ്പു മുട്ടുന്നുണ്ടായിരുന്നു.
ആഞ്ഞാഞ്ഞു ശ്വാസം വലിക്കുന്ന അയാളെ അമ്മച്ചി തടവി കൊണ്ടിരിക്കുന്നുണ്ട്.
എനിക്ക് വല്ലാത്ത വിഷമം തോന്നി.
പെട്ടന്ന് ഞാൻ എന്റെ വൃദ്ധരായ ഉമ്മയെയും ഉപ്പയെയും  കുറിച്ചോർത്തു പോയി,ഇതുപോലെ ഒരവസ്ഥയിൽ ആരാരുമില്ലാതെ അവർ തനിച്ചായി പോകുന്നത് എനിക്ക് സങ്കൽപ്പിക്കാൻ 
കഴിയുമായിരുന്നില്ല.പുറത്തു നിന്നും ആഞ്ഞു വീശുന്ന കാറ്റിനപ്പോൾ വിഷാദത്തിന്റെ ഞരക്കമുണ്ടായിരുന്നു.

"അമ്മേ..എന്ത് പറ്റി ഇയാൾക്ക് "
ഞാൻ ചോദിച്ചു.
"മോനെ നല്ല ശ്വാസം മുട്ടും മറ്റെന്തൊക്കെയോ അസുഖവും ഉണ്ട്..ഇവിടെ ഡോക്ടറെ കാണിക്കാൻ വന്നതാ പക്ഷേ  അവര് പറഞ്ഞു മാനന്തവാടി കൊണ്ട് പോണം ഇസിജി ഒക്കെ എടുക്കണം ... അങ്ങിനെ ഇറങ്ങിയത"
"കൂടെ ആരും ഇല്ലേ"
"ഇല്ല"
ആ അമ്മയുടെ വാക്കുകളിൽ ദുഃഖം നിഴലിച്ചിരുന്നു.
പെട്ടന്ന്  ഒരു ബസ്സ് വന്നുമുന്നിൽ നിന്നു.
 അമ്മച്ചി അയാളുടെ കൈ പിടിച്ചു നടക്കുമ്പോൾ
 ഞാൻ   പറഞ്ഞു 
"അമ്മച്ചി  വിട്ടോളൂ ഞാൻ കൈപിടിക്കാം ഞാനും മാനന്തവാടിക്കാ"
"ആണോ മോനെ ദൈവം അനുഗ്രഹിക്കും"
അവരെ നോക്കി ചിരിച്ച്‌ ഞാൻ അയാളുടെ കൈ പിടിച്ചു ബസ്സിൽ കയറ്റി ഇരുത്തി.
എനിക്കും പോകേണ്ടത് മാനന്തവാടിക്കാണ്  അന്ന് ഭാര്യയുടെ കുടുംബം അവിടെ ആയിരുന്നു താമസം അവളും കുട്ടികളും നേരത്തെ പോയിരുന്നു ഞാൻ പിന്നാലെ വരാമെന്ന് അവരോട് പറഞ്ഞിരുന്നു.

ബസ് മാനന്തവാടി എത്തുമ്പോൾ സമയം
ഒൻപത് മണി ആയിട്ടുണ്ട്.മഴ ശക്തി കുറഞ്  തേങ്ങി തേങ്ങി പെയ്യുന്നുണ്ട്.
ബസ്സിൽനിന്ന് അയാളുടെ കൈ പിടിച്ച് ഇറക്കി അവരെ രണ്ടു പേരെയും കൂട്ടി ഒരു ഓട്ടോയിൽ മാനന്തവാടി ജില്ലാ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
ഓട്ടോയിൽ ഇരിക്കുമ്പോൾ അമ്മച്ചി പറയുന്നുണ്ട്
"മോൻ വരണ്ടാ ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ കഷ്ട്ട പെടേണ്ട"
"ഇതൊക്കെ ഒരു ബുദ്ധിമുട്ടല്ല അമ്മച്ചി "
ഞാൻ പറഞ്ഞു.
ഓട്ടോ കാശു കൊടുത്തു ഞാൻ അവരെയും കൂട്ടി ഹോസ്പിറ്റലിന്റെ ഉള്ളിലെത്തി
ഡോക്റ്ററെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു
"അഡ്മിറ്റ് ചെയ്യണം ഐ സി യു വിൽ കിടത്തേണ്ടി വരും.. കൂടെ ആരാ "
അമ്മച്ചിയെ നോക്കി ഞാൻ പറഞ്ഞു
"കൂടെ ഇവർ മാത്രമേ ഉള്ളു'
ഡോക്ടർ ചോദിച്ചു
"അപ്പോൾ നിങ്ങൾ "
ഞാൻ ഇവരെ സഹായിക്കാൻ വഴിയിൽനിന്ന് കൂടിയതാ.
ഡോക്ടർ എന്നെ സൂക്ഷിച്ചു നോക്കി ഒന്ന് മൂളി.
രണ്ട് മൂന്ന് നേഴ്സ് വന്ന്‌ അയാളെ ഐ സി
 യു  വിലേക്ക്   കൊണ്ടുപോയി.
അമ്മച്ചി വേവലാതിയും വെപ്രാളവും നിഴലിച്ച മുഖവുമായി ഐ. സി . യു വിനു പുറത്ത് നിൽക്കുന്നുണ്ട്.
ഞാൻ അവരെ സമാദാനിപ്പിച്ചു.
"വിഷമിക്കേണ്ട ഞാൻ ഉണ്ട് എന്ത് വേണേലും "
ഞാനവർക്ക് ധൈര്യം പകർന്നുകൊണ്ടിരുന്നു.
"അമ്മച്ചി..എവിടെയാ വീട് "
"കോറോം"
"വീട്ടിൽ വേറെ ആരും ഇല്ലേ "
"ഉണ്ട് ..മോൻ ഉണ്ട് അവൻ ജോലി സ്ഥലത്താ യിരുന്നു ഞങ്ങൾ വരുമ്പോൾ "
"അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഉടൻ എത്തും "
ഞങ്ങൾ സംസാരി ക്കുന്നതിന് ഇടയിൽ ഐ സി യു വിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പറഞ്ഞു
"കൂടെ ഉള്ള ആണുങ്ങൾ ആരേലും ഒന്ന് അകത്തേക്ക് വരണം"
അമ്മച്ചി  ദയനീയ മായി എന്റെ മുഖത്തേക്ക് നോക്കി ഞാൻ പെട്ടന്ന് ഐ സി യു വിന്റെ ഉള്ളിൽ കടന്നു.
നേഴ്സ്‌ പറഞ്ഞു.
അയാളുടെ ഷർട്ട് ഒന്ന് അഴിക്കണം ഞാൻ
 അയാളുടെ ഷർട്ട് അഴിച്ചു മാറ്റി.ഏതോ അപരിചിതനായ എന്റെ മുഖത്തേക്ക് അയാൾ
ദയനീയ  മായി നോക്കുന്നുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് അൽപ്പം എന്തോ മരുന്ന് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു
ഈ മരുന്ന് അയാളുടെ നെഞ്ചിൽ ഒന്ന് പുരട്ടി കൊടുക്കണമെന്ന്
ഞാൻ ഒരുമടിയും കൂടാതെ അവർ പറഞ്ഞ ഭാഗങ്ങളിൽ ഒക്കെ മരുന്ന് പുരട്ടി
ഇനി നിങ്ങൾ ഇറങ്ങിക്കോ എന്നെ അവർ പുറത്തിറക്കി
ഐ സി  യുവിനു പുറത്ത് അമ്മച്ചി അക്ഷമയോടെ നിൽക്കുന്നുണ്ട്.
"ബേജാർ ആകേണ്ട അമ്മച്ചി ഒന്നും ഇല്ലട്ടോ നിങ്ങൾ മോനെ വിളിച്ചോ "
"അതെ അവർ എത്താൻ ആയീന്നു പറഞ്ഞു"

ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്നു അയാളുടെ ഷർട്ട് അമ്മച്ചിയെ ഏൽപ്പിച്ചു.
സമയം അല്പം കഴിഞ്ഞു ഹോസ്പിറ്റലിന് പുറത്ത് ഒരു മാരുതി ഒംനി വാൻ വന്നു നിന്നു,അതിൽ നിന്നും രണ്ട് ചെറുപ്പ ക്കാരും ഒരു സ്ത്രീയും പുറത്തിറങ്ങി,ആ അമ്മച്ചി അവരെ കണ്ടപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുമായി അവരുടെ അരികിലേക്ക് ഓടി,അത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവരുടെ സ്വന്തക്കാർ ആണ്‌ വന്നെതെന്ന് .
എന്നെ ചൂണ്ടി കാണിച്ചിട്ട് അമ്മച്ചി എന്തൊക്കെയോ പറയുന്നുണ്ട്,ഞാൻ അവരുടെ അടുക്കൽ ചെന്നു അവരെന്നെ അടിമുടി നോക്കി ഒരിളം ചിരി ചിരിച്ചു.ആ അമ്മച്ചി അവരോട് എന്നെ കുറിച്ച് നല്ലത് മാത്രം പറഞ്ഞപ്പോളും അവരുടെ മുഖത്തു പ്രകടമായ ചിരിയിൽ ഒരിഷ്ട്ട കുറവ് കലർന്നിരുന്നോ എന്ന തോന്നൽ എന്നിലുണ്ടായി.
ഹേയ് അങ്ങനെ ഒന്നും ഇല്ല അഥവാ ഉണ്ടെങ്കിൽ തന്നെ എനിക്കെന്ത് ആരുടെയും പ്രശംസക്ക് വേണ്ടി അല്ലല്ലോ ഞാൻ അവരെ സഹായിച്ചത്.
ഞാൻ ചോദിച്ചു
"ഇത്ആരൊക്കെയാ അമ്മച്ചി"
"മോനും മോളും മോളെ ഭർത്താവും "
അവർ വേറെ ഒന്നും പറയാതെ ഐ സി
 യുവിന്റെ  വാതിൽക്കലേക്ക് നീങ്ങി പിന്നാലെ ഒരപരിചിതന്റെ പരിമിതി ഉൾക്കൊണ്ട ഞാനും.
അൽപ്പം കഴിഞ്
അമ്മച്ചിയുടെ കയ്യിൽ എന്റെ ഫോൺ നമ്പർ കൊടുത്തിട്ട് ഞാൻ പറഞ്ഞു
 "ഇനി അവരൊക്കെ ഇല്ലേ അമ്മച്ചി
ഞാൻ  പോകട്ടെ എന്തേലും വേണേൽ വിളിച്ചാൽ മതി ഞാൻ ഇവിടെ അടുത്തുതന്നെ ഉണ്ട്."
ഹൃദയം നിറഞ്ഞ നന്ദിയോടെ അമ്മച്ചി എന്നെ യാത്ര ആക്കി.

സമയം ഒരുപാട് വൈകിയിരുന്നു.
ഞാൻ ദൃതിയിൽഭാര്യാ വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ്സിൽ വല്ലാത്ത സംതൃപ്തി
തോന്നി.ഉള്ളിൽ എവിടെയോ ചെറിയ വിഷാദവും തളം കെട്ടി നിന്നിരുന്നു.
വീട്ടിൽ വന്നു കയറുമ്പോൾ നേരം പാതി രാത്രി
ആരും ഉറങ്ങിയിട്ടില്ല
"നിങ്ങൾ എവിടെ പോയതാ ഇത്ര നേരം
എത്ര തവണ വിളിച്ചു മൊബൈലിൽ"
ഞാൻ മൊബൈൽ എടുത്തു നോക്കുമ്പോൾ
നൂറു കണക്കിന് മിസ്ഡ് കാൾ ഉണ്ടതിൽ.
"ഓ...സൈലെന്റ് ആയിരുന്നു ഫോൺ അതാ വിളിച്ചപ്പോൾ അറിയാതിരുന്നത്."
പിന്നെ ഞാൻ നടന്ന കാര്യങ്ങൾ വീട്ടു കാരോടൊക്കെ പറഞ്ഞു അവരൊക്കെ അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

ഭക്ഷണം കഴിച്ചു കിടക്കാൻ നേരം മൊബൈൽ റിങ് ചെയ്യുന്നുണ്ട്.
"ഹലോ"
"നിങ്ങൾ നേരത്തെ ഹോസ്പിറ്റലിൽ കൊണ്ടുവന്ന ആളുടെ മകനാണ്."
"അതെയോ അച്ഛന് ഇപ്പോൾ എങ്ങനെ
 ഉണ്ട്"
"മാറ്റം ഉണ്ട് ...ഞാൻ അറിയില്ലായിരുന്നു അമ്മച്ചി പറഞ്ഞപ്പോൾ ആണ് വിശദമായി നിങ്ങളെ കുറിച് അറിഞ്ഞത്.
കുറെ കഷ്ട്ടപ്പെട്ടു അല്ലേ...ഞങ്ങൾക്ക് വേണ്ടി ഇന്നത്തെ കാലത്ത് ആരേയും വിശ്വസിക്കാൻ പറ്റില്ലല്ലോ അതുകൊണ്ടാ ഞാൻ ഹോസ്പിറ്റലിൽ നിന്നും കണ്ടപ്പോൾ ഒരു നന്ദി പോലും പറയാതിരുന്നത് ക്ഷമിക്കണം..."
അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
എന്റെ മനസ്സിൽ വല്ലാത്ത ഒരാശ്വാസം തോന്നി

പിന്നീടാണ് ഞാൻ ആലോചിച്ചത്
അയാളുടെ പേര് എന്താണെന്നോ എന്റെ പേര്
എന്താണെന്നോ  അയാളോ ഞാനോ ചോദിക്കുകയോ പറയുകയോ ചെയ്തില്ലല്ലോന്ന്.
അങ്ങനെ ഞങ്ങൾ രണ്ട് അപരിചിതർ മാത്രമായി...

2018 ഒക്‌ടോബർ 9, ചൊവ്വാഴ്ച

ശൂന്യാകാശം

നീ ഒരു ശൂന്യാകാശമാണ്
താഴ് വാരങ്ങളുടെ സ്വപ്‌നങ്ങൾ
 നിനക്കറിയില്ല , മഴയുടെ കുളിരും,
വേനലിന്റെ താപവും നീ ഏറ്റിട്ടില്ല.

കരിഞ്ഞു വാടിയ പൂവിന്റെ
നൊമ്പരങ്ങളിൽ ധൂളി പടർത്തി
അകലുന്ന കാറ്റ് വീശുന്നത് നീ കണ്ടിട്ടില്ല.

താങ്ങായ് തണലായി കൂടെ നിന്ന
വരുടെ ചില്ലകൾ ഒടിഞ്ഞു വീണു
മുറിഞ്ഞ നെഞ്ചിൽ പൊടിയുന്ന
ചോര ചാലുകൾ നീ കണ്ടിട്ടില്ല.

പെയ്തൊഴിയുമ്പോഴും
" മഴ"
നനയാതെ പോയ നിലങ്ങളെ
നോക്കി ശാന്തമാകുന്നത്
നീ ഒരിക്കലെങ്കിലും അറിഞ്ഞിട്ടില്ല.

കാലം മാറി മറിഞ്
ചില മരുഭൂമികൾ പെയ്യുന്നതും
ചില ആഴക്കടൽ
വറ്റി വരളുന്നതും നീയറിഞ്ഞില്ല.

പരസ്പരം കടിച്ചുകീറി കൊടി കുത്തിയ കോലാഹലങ്ങൾ നിന്നിൽ കേൾക്കില്ല
അവനവന്റെ ആൾക്കാർ അല്ലെന്നു
ചൊല്ലി തല്ലി കൊന്നവന്റെ ഞരക്കം നീ
കണ്ടിട്ടില്ല.

 ചങ്കിലെ ചോരയെ പോലും വിശ്വസിക്കാൻ
ആവാത്ത ലോകത്തിന്റെ തേങ്ങൽലും,
നൊന്തു പെറ്റ മാതാവിനെ ഉപേക്ഷിക്കുന്ന
തെരുവും,വൃദ്ധ സാധനങ്ങളും അവിടെയില്ല.

പിറന്നു വീണ പെൺ പൈതലിനെ പോലും
തനിച്ചുറക്കാൻ പേടിക്കുന്ന മാതാവിന്റെ നോവും
ഒരു കട്ടിലിൽ പറ്റിച്ചേർന്നു ചൂടേകിയോൾ
മുറിച്ചു മാറ്റിയ ഉടലിന്റെ നീറ്റലും നിനക്കറിയില്ല.

കാരണം നീയൊരു ശൂന്യാകാശമാണ്
അവിടെ അനന്തതയിൽ ഒരു ധൂളി
പോലെ പറക്കാൻ ഇവിടെ മരിച്ച പല
മനസ്സും   കൊതിക്കുന്നുണ്ട് !!

   
     .