2018 ഡിസംബർ 24, തിങ്കളാഴ്‌ച

വിധവ

നിന്റെ ചിരികളിൽ നിന്ന് എന്നെ മായ്ക്കപ്പെട്ട്,
നിന്റെ കണ്ണുനീരായ് ഞാൻ രൂപം മാറും.
എന്റെ കരിഞ്ഞ പൂമരത്തിന്റെ മുള്ളു തട്ടി,
നിന്റെ നെഞ്ചിൽ ആഴത്തിൽ മുറിവേൽക്കും.

അന്ന്
ഞാൻ നിന്റെ ചോരത്തുള്ളിയായ് വീണ്ടും പൊടിയും.

മണ്ണിൽ ഒരൊറ്റ വരവരച്ച് കാലം എന്നെ
അവസാനിപ്പിക്കും.
പിന്നെ
നിന്റെ മുറിഞ്ഞ മുറിവിൽ ആരൊക്കെയോ
കുത്തിനോവിച്ചു കൊണ്ടിരിക്കും.

അന്ന് ഞാൻ നിന്റെ മനസ്സിൽ ഉണങ്ങാത്ത വൃണമാകും.

ഒടുവിൽ നിന്റെ വസന്തങ്ങളിൽ തോരാതെ പെയ്യുന്ന മഴ,
പ്രളയമായ് ഒഴുകും,
അന്നു നീ മോഹിച്ചു നീന്തിയ കര,
മരണത്തിൻെറ കരയായിരിക്കും..

2018 ഡിസംബർ 4, ചൊവ്വാഴ്ച

നഷ്ട്ട സൗഹൃദം

നീ പോയ് മറഞ്ഞൊരാ എരിയുന്ന ഓർമ്മതൻ 
കനൽ വീണു ചിതറും ഇടറുന്ന നേരമിൽ,
എന്തിനോ വേണ്ടി നീ വിഗണിച്ച സ്നേഹത്തെ..
ഇടനെഞ്ചിലേറ്റി നൊമ്പരം പേറി ഞാൻ..
എന്തിനോ വേണ്ടി നീ വിഗണിച്ച സ്നേഹത്തെ..
ഇടനെഞ്ചിലേറ്റി നൊമ്പരം പേറി ഞാൻ..

മനസ്സിന്റെ ഇതളുകൾ തഴുകിയ രാഗമിൽ
ശോകമായ് കൺപീലി നനയുന്ന ഓർമ്മകളിൽ,
കൈ കോർത്തു പോയൊരു കളിക്കൂട്ടു കാലങ്ങൾ,
വസന്തം വിരിയിച്ച സൗഹൃദ സീമകൾ,
പ്രണയം കൊഴിഞ്ഞുപോയ കൗമാര നാളുകൾ,
കാലകറക്കത്തിൽ ഒഴുകുന്ന സ്‌മൃതി കളായ്..
കാലകറക്കത്തിൽ ഒഴുകുന്ന സ്‌മൃതി കളായ്..

പൂക്കൾ വിതാനിച്ച താഴ്വാരങ്ങളിലെ
വിരഹമായ് മൂകമായ് മറയുന്ന സന്ധ്യപോൽ
ജീവിത സന്തോഷ നിമിഷങ്ങളൊക്കെയും
ഇരുൾ വീണു മൂടുന്നു പതിയേ സുഹൃത്തേ..
ജീവിത സന്തോഷ നിമിഷങ്ങളൊക്കെയും
ഇരുൾ വീണു മൂടുന്നു പതിയേ സുഹൃത്തേ..

നിനവിൽ ഞാൻ നിന്നെ തേടുന്നു സുഹൃത്തേ
കനവ് കാണാനിനി വയ്യെനിക്ക്
നോവിന്റെ അശ്രു കണങ്ങൾ വീണു ചിതറുന്ന
മഴയാകുവാനിനി വയ്യെനിക്ക്..
നോവിന്റെ അശ്രു കണങ്ങൾ വീണു ചിതറുന്ന
മഴയാകുവാനിനി വയ്യെനിക്ക്..

ജീവിത വേഗം ഗ്രസിച്ച പുതു കാലമിൽ
മന്ദസ്മിതം പോലും മറന്നു പലമുഖങ്ങളും,
ഇടനെഞ്ചിൽ ദൃഢമാം ബന്ധത്തിനിഴയിട്ടവർ
ചിരിതൻ ചായം പുരട്ടുന്നു കാപട്യമായ്..



മറയുന്നു ജീവിത കാലങ്ങളൊക്കെയും
പകലിന്റെ നിറം മാഞ്ഞ സന്ധ്യകൾ പോലെ
മരണത്തിനിരുളിൽ പതിക്കുന്നു പിന്നെ നാം
പുലരാതെ പോകും സ്വപ്നവും പേറി...
മരണത്തിനിരുളിൽ പതിക്കുന്നു പിന്നെ നാം
പുലരാതെ പോകും സ്വപ്നവും പേറി 

ഏതോ ഗാഢമാം ആശ്ലേഷം പോലെയീ
ഭൂമിയിൽ ചുറ്റി പിണഞ്ഞു നാം നിൽക്കുന്നു...
അടരുവാൻ ഒരുനാളും കൊതിച്ചില്ല എങ്കിലും
കൊഴിഞ്ഞുപോകുന്നു നാം കരിയില പോലെ..
അടരുവാൻ ഒരുനാളും കൊതിച്ചില്ല എങ്കിലും
കൊഴിഞ്ഞുപോകുന്നു നാം കരിയില പോലെ..

രചന: റഫീഖ് മണ്ടോടി
04/12/2018