2018 ജൂൺ 27, ബുധനാഴ്‌ച

വിധി

ചിലതങ്ങനെയാണ്  ഓർക്കാത്ത
നേരത്തു  വന്നു പതിക്കുന്നത്.
കുതറി മാറാനോ ഓടിയൊളിക്കാനോ
ആവാതെ വരിഞ്ഞു മുറുകുന്നത്!

പിന്നെയത് ചിതറിക്കിടന്ന അവയവത്തിലെ
രക്തക്കറ പോലെ മായാതെ കിടക്കും,
പല വാക്കുകളിലൂടെ ഒഴുകി
വിധിഎന്ന പേരുചൊല്ലി വിളിക്കും!

അകത്തളത്തിൽ വീണ ഒരു തുണ്ട്
കടലാസു പോലെ ഓരോ കാറ്റിലിളകിയും
ആരൊക്കെയോ ചവിട്ടിമെതിച്ചും
തേങ്ങലടക്കി ജീവിക്കും!

ചൂട്ട് തെളിച്ചു ചിലർവരും,
ഉള്ളം കാണുംവരെ അവരതു വീശും
മറവിയുടെ ഇരുട്ടിൽ ഒളിപ്പിച്ചു വെച്ചത്
പുറത്തെടുത്ത് കരയിക്കും,

മനസ്സിന്റെ വാതിലും കൊട്ടിയടച്ച്
നെഞ്ചിലെ ചുവന്ന കുഴൽ
പൊട്ടിച്ചു മറ്റൊരു ലോകത്തേക്കവർ യാത്രയാക്കും..

അപ്പോഴുമാരോ പറയുന്നത് കേൾക്കാം
എല്ലാം വിധിയാണെണ് !!

2018 ജൂൺ 26, ചൊവ്വാഴ്ച

നഷ്ട്ട സൗഹൃദം

ഈ ഏകാന്തത നീ തന്നതോ അതോ
ഞാനതിലേക്ക് നടന്നതോ ?
ഏതോഅതിർത്തികൾ വിഭജിച്ച
ഒറ്റപ്പെടൽ പേറിയ ഞാൻ
വെറുമൊരു കരിയില.

ഒരുകൊമ്പിൽ തളിർത്ത തായിരുന്നു നാം
കാറ്റിലാടിയതും പൂവിരിയിച്ചതും ഒരുമിച്ച്
പിന്നീടെന്നാണ് നാം രണ്ടു വഴിയിൽ പതിച്ചത് ?

ഇതളടർന്നുവീണഞാൻ നിന്നിൽ തളിർക്കുന്നപുതു തളിരുകൾ കാണുന്നകാഴ്ചക്കാരനാണ് !

നാം അകന്ന ദൂരമിൽ ഇരുളിന്റെ മൗനങ്ങൾ
കോട്ടകൾ പണിതുമറച്ചു,
കാഴ്ചകൾ മറഞ്ഞപ്പോൾ പറയുവാനുള്ള വാക്കുകൾക്ക്പോലും തടവുകാരന്റ സ്വാതന്ത്ര്യമായ്...!

നിന്റെ ഓർമകളിൽ ഞാനില്ലയെങ്കിലും
നിഴലുപോലെ നടന്ന കാലമുണ്ട് പിറകിൽ!

നിൻ മറവിയിലുറങ്ങുമാ വദനത്തിലൊരു പൂ- വിരിയുന്നത് കാണാൻ ഞാൻകാത്തിരിക്കുന്നു.

ഇനിയൊരു നാൾ തിരികെവരുമോ ...
ചിറകുതളരും മുൻപേ പറന്നു രസിക്കാൻ..?

2018 ജൂൺ 2, ശനിയാഴ്‌ച

പ്രിയ സഖിക്ക്

മരിക്കും മുൻപേ നിന്റെ മടിയിൽ
ഒന്ന് തലചായ്ക്കണം
വിരലുകളിൽ വിരൽ കോർത്ത്
ഇമയടച്ചു കിടക്കണം
ഇടനെഞ്ചിലെ പുകപടലമെല്ലാം
നീനിന്റെ സ്വാന്ത്വനം കൊണ്ട് തുച്ചുടച്ചകറ്റണം
കാറ്റായ് തഴുകുന്ന ഓർമ്മകളിൽ
നമുക്ക് പാറിപ്പറക്കണം.

നീ കണ്ട ജീവന്റെ ആകാശങ്ങളിൽ
മഴമേഘങ്ങളായിരുന്നോ പ്രിയതേ
ഞാൻ അതിലെ ഇടിമിന്നലും കാറ്റും
പേമാരിയും...

നീ കണ്ട പൂക്കാലം സ്വപ്നങ്ങളിലാണെന്നു-നീ ഒരുപാട് പറഞ്ഞിട്ടുണ്ട്.
നിനക്കൊരു പൂവെങ്കിലും ഇറുത്ത് തരാൻ
ഞാനെത്രയോ പൂമരങ്ങൾ തേടി അലഞ്ഞു.

ഇനിഞാൻ കണ്ണടച്ചു കിടക്കട്ടെ
ഒരിക്കലും പുലരാത്ത രാവ് നൽകി
നിന്റെ ഹരിത സ്വപ്നങ്ങളിൽ
തോരാത്ത മഴനനച്ച്...