2019 ഫെബ്രുവരി 14, വ്യാഴാഴ്‌ച

മുരിങ്ങാതോരൻ (1)


പുരയിലേക്ക് കയറിച്ചെന്നാൽ
അവിടെ പെങ്ങളുണ്ടാവും അടുക്കളയിൽ
പാത്രങ്ങളോട്മല്ലടിച്ച്,
മുഖത്ത്പാതിഉണങ്ങിയ മിഴിനീരുകൊണ്ട്
ചിത്രങ്ങൾ വരച്ച് ഒരുമൂലയിൽ.

'എന്തിനാ...കരഞ്ഞത്..'
എന്നുചോദിച്ചാൽ.
'ഞാൻകരഞ്ഞില്ലപുകഏറ്റിട്ടാ...'ന്നു
പറഞ്അവളുടെ
സങ്കടങ്ങൾ പുകച്ചുരുളുകൾക്കുള്ളിൽ
ഒളിപ്പിക്കാൻ ശ്രമിക്കും.

വിട്ടുമാറാത്ത സങ്കടങ്ങൾ
അവൾക്കുണ്ടെന്ന് എനിക്കറിയാം..

പ്രതീക്ഷകളിൽനിന്ന് ചിതറിപ്പോയതുപോലെയുള്ളത്,

മഴയിൽനനഞ്ഞു കാറ്റിൽ ഒരുവിങ്ങലായ്
മുഴങ്ങുന്നത് പോലെയുള്ളത്.

കൂട്ടുകാരികളേയോക്കെ കെട്ടികൊണ്ടുപോയപ്പോൾ
തലയിണകളോട് മാത്രംപരിഭവംപറഞ്ഞിട്ട്
അവൾ ഒരുപാട്കരഞ്ഞിട്ടുണ്ടാവണം.

പുതിയാപ്പിളമാരുമായി സൊറപറഞ്ഞു
വീട്ടിനുമുന്നിലൂടെ പോകുന്ന കൂട്ടുകാരികളെ
അടുക്കളയുടെ ഇരുണ്ടമുറിക്കകത്തെ
ജാലകപ്പഴുതിലൂടെ അവൾ നോക്കി നിൽക്കാറുണ്ട്.

അതുകാണുമ്പോൾ കുറേപണവും സ്വർണ്ണവും എന്റെഉപ്പാക്ക് കിട്ടിയെങ്കിൽ ആർക്കേലും ഒന്ന് ഇവളെ കെട്ടിച്ചുകൊടുക്കാമായിരുന്നു
എന്നാശിച്ചുപോകാറുണ്ട്ഞാൻ.

സന്ധ്യ കറുക്കാൻതുടങ്ങിയപ്പോൾ
വീട്ടിലേക്ക്ഞാൻചെന്നു.

കൂലിപ്പണിയും കഴിഞ്ഞുവന്ന ഉപ്പ
ഓരോന്നുമോർത്തു നെടുവീർപ്പ്
തിന്ന് കോലായയിൽ ഇരിക്കുന്നുണ്ടായിരുന്നു.

ഉപ്പയുടെ ആഇരുത്തം കാണുമ്പോൾ
വല്ലാത്തസങ്കടംതോന്നിയെനിക്ക്.

ഉമ്മ ഇടക്ക് ചേർത്തുപിടിച്ചു പറയാറുണ്ടാ
യിരുന്നു മക്കൾ മീശയൊക്കെമുളച്ചു
വലുതായാൽ നമ്മുടെ എല്ലാസങ്കടങ്ങളും തീരൂന്ന്..

ഞാനെന്റെ മുഖത്തെ പൊടിമീശയിൽ
പരതിനോക്കി.

ഇല്ല മീശ ഇതുവരെ മുളച്ചിട്ടില്ല!!

'സങ്കടങ്ങൾ ഇനിയും ബാക്കിയാണ്
അല്ലേഉമ്മാ..'

എന്റെ ചോദ്യംകേട്ടിട്ട്
അടുക്കളയിൽനിന്ന് ഉമ്മ തലയാട്ടിചിരിച്ചു..

അടുക്കളയിൽ പെങ്ങളുണ്ട് മുരിങ്ങഇലകൾ
നുള്ളിയിടുന്നുണ്ട്.
തോരൻവെക്കാനാണ് എനിക്കാണെങ്കിൽ
മുരിങ്ങാതോരൻ അത്രഇഷ്ടമല്ല.

'ഇതാണോ...എന്നെത്തെസ്‌പെഷ്യൽ..'

'അല്ലെടാ..കോഴിക്കറിഉണ്ട്...'

'ആക്കിയതാണല്ലേ..'

'നീ വേണേൽ ഇതുകൂട്ടി കഴിച്ചോഅല്ലെങ്കിൽപട്ടിണി
കിടന്നോ..എനിക്കെന്താചെറുക്കാ..'

'നീ പോടീ..'

തല്ലുകൂടിയപ്പോൾ ഉമ്മഇടപെട്ടു.

*******************

രാത്രി കട്ടിലിൽ ചുരുണ്ട്കിടക്കുമ്പോൾ
അവളുണ്ട് മണ്ണണ്ണവിളക്കുമായി വരുന്നു.

(അന്നത്തെകാലം കറണ്ട് ഇല്ലായിരുന്നു
ആവീട്ടിൽ)

ഞാൻ കണ്ണുചിമ്മികിടന്നു

'എടാപൊട്ടച്ചെറുക്കാ..'
അവളുടെ വിളിയിൽ ഞാൻ തുറിച്ചുനോക്കി.

'നീയല്ലേ പറഞ്ഞത് മുരിങ്ങാ
തോരൻ നിനക്ക് ഇഷ്ടമില്ലാന്ന്..എന്നിട്ട്
വെട്ടിവാരിവിഴുങ്ങുന്നത് കണ്ടല്ലോ..'

അവളുടെ കൈപിടിച്ചു എന്റെ മുഖത്തു വെച്ചു ഞാൻപറഞ്ഞു.
'എടീ എന്റെ മീശകണ്ടോ നീ...ഇത് ഇതുവരേ മുളച്ചിട്ടില്ല
ഉമ്മപറയണത് നീ കേട്ടിട്ടില്ലേ..'

'മക്കൾ മീശയൊക്കെമുളച്ചു വലുതായാൽ നമ്മുടെ സങ്കടംതീരൂന്ന്..'

'നമ്മുടെ വിഷമങ്ങൾതീരാതെ ഇഷ്ട്ടപെട്ട കറിയൊന്നും കിട്ടാൻ വഴിയില്ല..
അതുവരെ എനിക്ക് പട്ടിണി കിടക്കാൻ വയ്യ..'

'മുരിങ്ങ ആണേൽ മുരിങ്ങ...'

എന്റെ വാക്കുകൾ കേട്ടിട്ട്
അവൾ ഉച്ചത്തിൽചിരിച്ചു ഞാനും

ഞങ്ങളുടെ ആചിരിയിൽ ആമണ്ണെണ്ണവിളക്ക് അണഞ്ഞുപോയിരുന്നു..