2016 സെപ്റ്റംബർ 24, ശനിയാഴ്‌ച

കരളിലെ എന്റെ മദീന...

 പട്ടു മെത്തയിൽ കിടന്നു ആനന്ദിക്കുന്നതിലും എനിക്കിഷ്ട്ടം ഹബീബേ,
അങ്ങ് ഉറങ്ങുന്ന മദീനയുടെ മണ്ണിൽ വീണു മുഖം അമർത്തി കരയുന്നതാണ്.
ഞാനീ കരയാൻ പോലും യോഗ്യത ഇല്ലാത്തവൻ.
ഞാനോ ആ പുണ്യ ഭൂമിയിൽ പാദംവെക്കാൻ,അർഹനല്ലാത്തവൻ,
എന്റെ ഉള്ളം യാചിക്കുന്നത് മദീനയുടെ മണലിൽ ഒന്ന് തൊടാനാണ്.
എന്റെ കണ്ണുകൾക്ക് കാണാനുള്ള കാഴ്ച മദീനയാണ്.
ലോകത്തിലെ ഒരു ടൂറിസ്റ്റു കേന്ദ്രത്തിലേക്കും എനിക്ക് പോകാൻ ആഗ്രഹമില്ല.എനിക്ക് പോകേണ്ടത് മദീനയിലേക്കാണ്.
മദീന യാണ് എന്റെ ആശ്രയം.
മദീന ഒഴിവാക്കിയിട്ട് സ്വർഗത്തിലേക്ക് പോകാൻ കഴിയില്ല.
മദീനയിലേക്കൊന്നു പറന്നെത്താൻ കഴിഞ്ഞെങ്കിൽ
ചിറകൊടിഞ് മദീനയിൽ ഹബീബിന്റെ ചാരത്തുവീണെങ്കിൽ.
അവിടുത്തെ ഹള്റത്തിൽ കിടന്നു കരഞ്ഞു കരഞ്ഞു കണ്ണുനീർ കൊണ്ട് കടല് തീർക്കാൻ കഴിഞ്ഞെങ്കിൽ.
അതല്ലാതെ ഒരു രക്ഷയും എനിക്കില്ല.







2016 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

ഓർമകളിൽ നിറയുന്ന വേദന

കാലം ഓർമ്മകളിൽനിന്നും  പലതും മറച്ചു വെക്കാൻ ശ്രമിക്കുകയാണ്.
പുലരുന്ന പുതിയ പകലിനോടൊപ്പം ചിലതെല്ലാം നമുക്ക് നഷ്ടപ്പെടുന്നു.
ചില ബന്ധങ്ങൾ കണ്ണിയറ്റുപോകുകയും.ചിലർ നമ്മിൽനിന്നും മറഞ്ഞു പോകുകയുംചെയ്യുന്നു.
മനസ്സിന്റെ ആഴങ്ങളിൽ ഒന്നുചികഞ്ഞുനോക്കിയാൽ ഒരുപക്ഷെ മനോഹരങ്ങളായ ദിനങ്ങൾ കൊഴിഞ്ഞുപോയതിന്റെ അവശേഷിപ്പ് ബാക്കിയുണ്ടാകും.
അവയെ ചികഞ്ഞെടുക്കാനല്ല മനസ്സിന് തിടുക്കം മറവിയുടെ ശൂന്യതകൊണ്ട് മൂടാനാണ്.
എങ്കിലും ചില നോവുകൾ ജീവിക്കുന്നുണ്ട് ഉള്ളിൽ.
മിഴികൾ നിറക്കാനാണ് അവയുടെ നിയോഗം


ഒറ്റക്ക് നിൽക്കാൻ ഭൂമിയിൽ പിറന്നതാണ് നീ 
മറ്റാർക്കു മില്ലാത്ത ദുഖങ്ങളും പേറി 
ഒറ്റപ്പെട്ട മനസ്സിന്റെ വെറും വിചാരങ്ങളോ ഇതു-
മാറ്റാൻ  ഇനിയും ജനിക്കുമോ ഭൂമിയിൽ വീണ്ടും?

2016 സെപ്റ്റംബർ 20, ചൊവ്വാഴ്ച

എന്റെ ഉമ്മയും ഉപ്പയും

നടന്നു തീർന്ന ബാല്യത്തിന്റെ ഓർമകളിൽ കിളികളുടെ കൊഞ്ചലോ പൂമ്പാറ്റകളുടെ ചിറകടിയോ ഞാൻ ഓർത്തുവെക്കുന്നില്ല.
ബാല്യവും കൗമാരവും എനിക്ക് ഓർക്കാൻ ഉള്ളത് ബാപ്പയുടെ കഷ്ട്ടപ്പാടിന്റെ വിയർപ്പു മണവും 
ഉമ്മയുടെ കണ്ണുനീരിന്റെ ഉപ്പുരസവുമാണ്.

എത്രയോ വെയിലത്തും മഴയത്തു മെന്റെ ബാപ്പയെ ഉരുകിയും നനഞ്ഞും ഞാൻ  കാണാറുണ്ട്.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബാപ്പ എത്ര വെയിലാണ് കൊണ്ടത് .എത്ര മഴയാണ് നനഞ്ഞത്.
ജീവിതം മുഴുവൻ മക്കൾക്കുവേണ്ടി ജീവിക്കുന്ന എന്റെ എല്ലാമായ ഉപ്പ.
ഉണ്ണാതെ ഉറങ്ങാതെ മക്കളെ തലോടി ഒഴിഞ്ഞ പത്രം നോക്കി വിങ്ങുന്ന ഉമ്മയുടെ രൂപവും മറക്കാൻ ആവില്ല.
ഒരോ പത്രത്തിലും വിളമ്പി തികയ്ക്കാൻ പ്രയാസപ്പെടുന്ന ഉമ്മ.
ആരെങ്കിലും വീണ്ടും ചോദിച്ചാൽ കൊടുക്കാനില്ലല്ലോ എന്നോർത്തു വേദനിക്കുന്ന മാതൃഹൃദയം.
അവസാനം വിളമ്പിയ വെച്ച പാത്രത്തിലെ ഒട്ടിപ്പിടിച്ചവ കൊണ്ട് വിശപ്പകറ്റാൻ ശ്രമിച്ചു വയർ നിറഞ്ഞെന്നും പറഞ്ഞു പുഞ്ചിരിച്ചു എഴുന്നേറ്റു പോകുന്ന ഉമ്മയുടെ രൂപം ഇന്നുമെന്റെ നെഞ്ചിലുണ്ട്.
രാവിലെ ഏതോ പറമ്പിലേക്ക് മുടങ്ങാതെ പോകുന്ന എന്റെ ബാപ്പയെ നോക്കി പിന്നിൽ നെടുവീർപ്പിടുന്ന ഉമ്മയെ ഞാൻ എത്രയോ കണ്ടിട്ടുണ്ട്.
ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിലും നിലാവുപോലെ പുഞ്ചിരിക്കുമായിരുന്നു ഉപ്പ ഇന്നുവരെ ആമുഖത്തു പരിഭവത്തിന്റെ രൂപം എനിക്ക് കാണാൻ കഴിഞ്ഞില്ല.
ബാല്യ കൗമാരങ്ങൾക്ക് ഇപ്പുറം ജീവിതം വളർന്നു വലുതാകുമ്പോളും അവർക്കുവേണ്ടി ജീവിക്കാൻ ഈമകനു കഴിഞ്ഞില്ല.
എങ്കിലും അവരെന്റെ ഉള്ളിൽ ഏറ്റവും പ്രിയപ്പെട്ടവരായി ജീവിക്കുന്നു എന്നതാണ് ആശ്വാസം.
ഞങ്ങളുടെ മാതാ പിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ.മരിക്കുമ്പോൾ അവരെയും ഞങ്ങളെയും ഈമാനോടെ മരിപ്പിക്കണേ.ആമീൻ



2016 സെപ്റ്റംബർ 18, ഞായറാഴ്‌ച

പറഞ്ഞു തീർന്ന വാക്ക്

ഹൃദയത്തിൽ ഒരു മഴപെയ്തു തോർന്നു
വാക്കുകളുടെ തണുത്ത തുള്ളികൾ ചിതറിവീണ മഴയാണ്  പെയ്തു തീർന്നത്.

മിഴിനീരും മഴയത്തുള്ളികളും ഒന്നിച്ചു ചേർന്നു ഒഴുകിയപ്പോൾ  അകന്നത്  തടം കെട്ടിനിന്ന
മനസ്സിന്റെ നോവുകളാണ്.

എന്നോ പറഞ്ഞുവെച്ച വാക്കുകൾ പാലിക്കാൻ
ജീവിതത്തിന്റെ വെയിലിൽ ഞാൻ മറന്നു.
പ്രാരാബ്ധങ്ങളുടെ ഭാണ്ഡമഴിച്ചപ്പോൾ
ബാക്കിവന്നത് നോവും  വേവലാതിയും

ശൂന്യമായ കൈഞാൻ നീട്ടിപിടിച്ചത്
ഇരുളിന്റെ മറക്കുള്ളിലാണ്  അതിനാൽ
ജനം വന്നുവിളിച്ചപ്പോൾ കാണാതെ
പോയെൻ കരവും കോലവും.

നാളെയുടെ പ്രദീക്ഷകൾ അവസാനിച്ചില്ലെങ്കിലീ
പറഞ്ഞു തീർന്ന വാക്കുകൾക്ക്  പൂത്തുലയണം അപ്പോൾ മഴയ്ക്ക് നനക്കാൻ ആകാശത്തു
മൗനത്തിന്റെ പുതിയ കാർമേഘം പിറക്കണം.